തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസുകാരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ച കേസിലെ ആദ്യ കേസ് ഡയറിയിലെ വിവരങ്ങൾ പുറത്ത്. ലോക്കൽ പോലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദ്ദിച്ചെന്നാണ് കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഡയറി പിന്നീട് തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്.
മുൻ മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനമല്ല ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് തിരുത്തും മുമ്പുള്ള ആദ്യ കേസ് ഡയറി. എങ്ങനെയാണ് ഗൺമാൻ പ്രതിഷേധക്കാരെ മർദ്ദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറയുന്നുണ്ട്. ലോക്കൽ പോലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ലാത്തികൊണ്ട് രണ്ട് പേരെ അടിക്കുകയായിരുന്നു. പിന്നീട് ഇവർ കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുള്ളത്. ഇവരുടെ മർദനത്തിൽ ലോക്കൽ പോലീസിനടക്കം പരിക്കേറ്റിരുന്നു.
സിസിടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറിയിലുണ്ട്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഇൻസെപ്കടർ എസ്. അരുണാണ് കേസ് ഡയറി തയാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്ഐടി കണ്ടെത്തൽ.
തിരുത്തും മുമ്പുള്ള ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ എത്തിച്ചെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് നൽകിയ മൊഴി. തിരുത്തുന്നതിന് മുമ്പുള്ള കേസ് ഡയറിയും തിരുത്തിയ ഡയറിയും എസ്ഐടി കണ്ടെടുത്തി. ഇതെല്ലാം ഉൾക്കൊള്ളിച്ച് വിശദമായ റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് സമർപ്പിക്കും.